Wednesday, July 17, 2013

ധീര ജവാന്മാര്‍ക്ക് പ്രണാമം
====================
മഴക്കാഴ്ച ദൂരെ
നിന്നെപ്പോഴും മനോഹരം
പ്രളയത്തില്‍ മുങ്ങിയും
പൊങ്ങിയുംജീവന് വേണ്ടി
കേഴുന്ന മനുഷ്യര്‍
ചോരയായി വെള്ളത്തില്‍
അലിയുന്നതും
ദുരന്തങ്ങള്‍ തുടരുകയാണ്
നിലവിളികള്‍ അടങ്ങുകയാണ്
ജീവന് വേണ്ടി കേഴുന്ന
മാനവരെ രക്ഷിക്കാന്‍
പോയ ജവാന്മാര്‍
സ്വപ്‌നങ്ങള്‍ ബാക്കി വച്ചു
മരണത്തിലേക്കുള്ള ക്ഷണക്ക-
ത്തായിരുന്നു എന്നറിയാണ്ട്
നാടിനു വേണ്ടി സ്വന്തം
ജീവന്‍ വെടിയേണ്ടി വന്ന
ധീര ജവാന്മാര്‍
നിറഞ്ഞൊഴുകുന്ന കണ്ണുകളാല്‍
നേരുന്നു ബാഷ്പാഞ്ജലി
ഈ പച്ചയായ ജീവിതം
കാണുമ്പോള്‍ മങ്ങും
മാധുര്യം മഴ കാഴ്ച്ചക്ക്

ധീര ജവാന്മാര്‍ക്ക് പ്രണാമം
ധീര ജവാന്മാര്‍ക്ക് പ്രണാമം

ഏകാന്തതയുടെ വ്യഥ............... ഒ.സി.മോഹൻരാജ്

ഏകാന്തതയുടെ വ്യഥ
ഒ.സി.മോഹൻരാജ്
യുവകവയിത്രി ദീപാ മോഹന്റെ കവിതകളെ കുറിച്ച് ലഘുവിചാരം
വ്യക്തിയുടെയും സമൂഹത്തിന്റെയും വേദനകൾ ആഴത്തിൽ സ്പർശിച്ച് അതു വായനക്കാരനിലെത്തിക്കുന്ന സാമൂഹ്യജീവി എന്ന നിലയിൽ എഴുത്തുകാരനുള്ള സ്ഥാനം കൈമോശം വന്നു കൊണ്ടിരിക്കുകയാണ്. ഈ വിശ്വാസ തകർച്ചയുടെ പാപം പലപ്പോഴും പുതിയ എഴുത്തുകാരുടെ തലയിലാണ് കെട്ടിവെക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നും രക്ഷപ്പെടാനുള്ള എളിയ ശ്രമം പുതിയ എഴുത്തുകാരിൽ നിന്നുണ്ടാകുന്നുവെന്നത് ആശാവഹമാണ്.
ഈ പശ്ചാത്തലത്തിൽ നിന്നു വേണം യുവകവയിത്രിയായ ദീപാ മോഹന്റെ കവിതകൾ വിലയിരുത്തേണ്ടത്. കവിതകളിൽ കാണുന്ന അനാഥത്വത്തിന്റെ കരിന്പടം വകഞ്ഞുമാറ്റി പുറത്തേയ്ക്ക് വരാനുള്ള യുവകവയിത്രിയുടെ ഉൽക്കടമായ ആഗ്രഹമാണ് ഓരോ വരികളിലും കാണുന്നത്. ഏകാന്തത, മരണം, നിസ്സംഗത, വ്യഥ, ആത്മനൊന്പരം എന്നീ അടിസ്ഥാന ഭാവങ്ങളെ സമന്വയിപ്പിക്കാനുള്ള വേദിയായി കവിതകൾ മാറുന്നു. 
പ്രണയം വഞ്ചനയാണെന്നും അതിന്റെ അസ്ഥിരതയും അരക്ഷിതാവസ്ഥയും ഓരോ കവിതയും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. വർത്തമാനകാല അവസ്ഥകൾ എൽപ്പിച്ച ശൈഥില്യങ്ങൾ ജീവിതത്തെ രോഗാതുരമായ അവസ്ഥയായി കാണാൻ പ്രേരിപ്പിക്കുന്നു.
സർഗാത്മകതയിൽ മൗലികത ഓരോ എഴുത്തുകാരനും ശൂന്യതയിൽ നിന്നു സ്വന്തമാക്കിയതല്ല. തനിക്ക് മുന്നേ നടന്നുപോയ എഴുത്തുകാരുടെ ജീവിത ദർശനങ്ങളും രൂപമാതൃകകളും അറിഞ്ഞോ അറിയാതെയോ ദീപാ മോഹന്റെ കവിതകളെ സ്വാധീനിക്കുന്നുണ്ട്.
പ്രണയത്തെയും വിരഹത്തെയും ഒരു പോലെ കവിതയിൽ സന്നിവേശിപ്പിച്ച അമേരിക്കൻ കവയിത്രി സിൽവിയ പ്ളാത്തിന്റെ സ്വാധീനം ദീപയുടെ കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ട്. കവിതയുടെ ഏറ്റവും സന്പന്നമായിരുന്ന കാൽപ്പനിക കാലഘട്ടത്തിൽ ഷെല്ലിയും കീറ്റ്സുമൊക്കെ അടക്കിവാണ വിചാരധ്വനികളുടെ ഏറ്റവും മാസ്മരികമായ ഒരു തലം തന്നെയാണ് പ്ളാത്ത് തന്റെ വായനക്കാർക്കായി സൃഷ്ടിച്ചത്. 
കവിത ചുഴിയാണ് . ജീവശ്വാസം നൽകാനാവാത്ത വിധം ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും സ്നേഹമന്ത്രണങ്ങളുമായി ജീവിതത്തിലേക്ക് തിരിച്ചയക്കുന്ന വേറിട്ടൊരു ചുഴി. ഈ ചുഴി ആരെയും കൊല്ലുന്നില്ല. പകരം ജീവിത യാഥാർഥ്യങ്ങളുടെ കണ്ണും മനസ്സും നൽകി ശിഷ്ടജീവിതത്തിലേക്ക് തിരിച്ചയക്കുന്നു. യുവകവയിത്രിയായ ദീപയും ചെയ്യുന്നത് ഇതു തന്നെയാണ്.